മോനേ....മുരളീധരാ....
മുരളിയുടെ അമ്മ ഉറക്കെ വിളിക്കുന്നതുകേട്ടാണ് രാവിലെ ഉണര്‍ന്നത്. കട്ടിലിന്റെ മറ്റേയത്ത് അവന് ബോധംകെട്ടുറങ്ങുകയാണ്.
ഇന്നലെ വളരെ വൈകിയാണ് എന്നെയുംകൊണ്ട് മുരളി പുല്ലടി മല കയറിയത്. വെള്ളരിക്കുണ്ട് വീനസ് തീയേറ്ററില്‍ വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയതായിരുന്നു ഞങ്ങള്‍. ഹയര്‍സെക്കണ്ടറി പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്തിന്റെ ആലസ്യവുമായി ഒരു സിനിമ കാണാന്‍ ഇറങ്ങിയതായിരുന്നു ഞാന്‍.
സിനിമക്ക് ശേഷം 'എവറസ്റ്റ്' ഹോട്ടലില്‍ നിന്ന് അവനെനിക്ക് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിത്തന്നു. അത് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവനാ ഐഡിയ തോന്നിയത്.
നമുക്കിന്ന് എന്റെ വീട്ടില്‍ പോയാലോ?
എങ്ങോട്ട്? മനസ്സിലാകാത്തപോലെ ഞാന്‍ ചോദിച്ചു.
പുല്ലടിയിലേക്ക്...
സഹ്യപര്‍വ്വതത്തിന്റെ ചെരുവില്‍ വനത്തോട് ചേര്‍ന്നാണ് അവന്റെ വീടും പുരയിടവുമെന്ന് എനിക്കറിയാമായിരുന്നു.
പോകാം.. ഞാന്‍ സമ്മതിച്ചു.
വെള്ളരിക്കുണ്ടില്‍ നിന്ന് ബസ്സ് കയറി ഞങ്ങള്‍ മലയടിവാരമായ മാലോത്തെത്തി. അവിടുന്ന് കീഴ്ക്കാംതൂക്കായ റോഡിലൂടെ ജീപ്പില്‍ ഏഴുകിലോമീറ്റര്‍ യാത്ര. പിന്നെ നാലുകിലോമീറ്റര്‍ നടത്തം. വഴിയുടെ ഇരുവശങ്ങളിലും തെരുവപ്പുല്ല് സമൃദ്ധമായി വളര്ന്നുനില്ക്കുന്നു. വഴിച്ചാലിനെ അദൃശ്യമാക്കിക്കൊണ്ട് ഇരുട്ട് പടര്‍ന്നുകഴിഞ്ഞിരുന്നു. ദിനംപ്രതിയുള്ള സഞ്ചാരംകൊണ്ട് മുരളിക്ക് വഴിയുടെ ഘടന മന:പ്പാഠമായിരുന്നു. നടത്തത്തിനിടെ അവന് വളരെയധികം സംസാരിച്ചു.
വൈകിച്ചെന്നാല്‍ അച്ഛന്റെ കയ്യില്‍ നിന്ന് കിട്ടുന്ന ശകാരത്തിന് എന്നെ മറയാക്കുമെന്നും അവന് പറഞ്ഞു. എവിടെപ്പോയാലും സന്ധ്യക്ക് വിളക്ക് കത്തിക്കുന്നതിന് മുമ്പ് എത്തണമെന്നത് അച്ഛന് നിര്ബന്ധമാണത്രെ.
പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.
എന്നാല്‍, എന്റെ സാന്നിധ്യം ശകാരത്തിന്റെ കാഠിന്യം കുറച്ചു.
എന്റെ വീട് അടുക്കളക്കണ്ടം അമ്പലത്തിനടുത്താണെന്ന് പറഞ്ഞപ്പോള്‍ അച്ഛന് സന്തോഷമായെന്ന് തോന്നുന്നു.
ഈശ്വരവിശ്വാസമുള്ള ഒരു അമ്പലവാസിയായി അദ്ദേഹം എന്നെ പരിഗണിച്ചു.
ഈ സമയത്തൊക്കെ എന്റെ വയറ്റില്‍ നേരത്തെ കഴിച്ച
ബീഫ് ഫ്രൈ ഇളകിമറിയുകയായിരുന്നു.
എന്നെ മുറിയില്‍ കയറ്റി മുരളി അവന്റെ ലോകം കാട്ടിത്തന്നു. മേശപ്പുറത്തെ ടേപ്പ് റിക്കാര്‍ഡറില്‍ മധുസൂദനന്‍നായരുടെ കവിത ഓണാക്കി. കുറേ തപ്പി നടന്നിട്ടാ.. ഇത് കിട്ടിയത്.. അങ്ങ് കാഞ്ഞങ്ങാട്ടൂന്ന്... അവന് പറഞ്ഞു.
അവനെഴുതിയ ഏതാനും കവിതകളും കാട്ടി.
സര്‍ഗ്ഗാത്മകസാഹിത്യത്തിന്റെ വാതായനങ്ങള്‍ അവന് എനിക്കുവേണ്ടി തുറന്നു.
" ഈ കവിതാന്ന് പറയുന്ന സാധനത്തിന് ഒരു വല്ലാത്ത ശക്തിയാ.. അല്ലേടാ?.. മനസ്സിന്റെ വിചിത്രമായ വഴികളിലൂടെ അത് നമ്മെ ഏതൊക്കെയോ അനുഭൂതികളിലേക്ക് നയിച്ചുകൊണ്ടുപോകും. മുരളി പറഞ്ഞു.
ഞാന്‍ അതിനോട് യോജിച്ചു.
പിന്നെ, അജ്ഞാനികളായ രണ്ട് കവിതാസ്വാദകരുടെ നിലവാരംകുറഞ്ഞ സാഹിത്യചര്‍ച്ചയാണ് അവിടെ നടന്നത്.
അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കുറച്ച് ചോറുകൂടി എന്റെ പ്ലേറ്റിലേക്ക് വിളമ്പിക്കൊണ്ട് മുരളിയുടെ അമ്മ പറഞ്ഞു,
"മുരളി എപ്പളും പറയലുണ്ട്.. നിന്നെപ്പറ്റി. ഒന്നുരണ്ടൂൂട്ടം ഞാന്‍ ആടെ അമ്പലത്തില്‍ വന്നിറ്റൂണ്ട്."
അതെയോ?.. ഞാന്‍ അല്‍ഭുതംകൂറി.
പഠിപ്പുമുടക്കുകളുടെയും സമരങ്ങളുടെയും ആരവങ്ങള്‍ക്കിടയില്‍ ദാര്‍ശനിക പ്രതിസന്ധികളുമായി നടന്നിരുന്ന മുരളിയെ ഞാന്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. അവന്റെയുള്ളില്‍ സദാജാഗരൂകനായ ഒരു കാമുകനുണ്ട് എന്നതുമാത്രമായിരുന്നു എന്റെ അറിവ്.
വളരെ പണിപ്പെട്ടാണ് അവന് സന്ധ്യകലയുടെ ഹൃദയം കീഴടക്കിയതെന്ന കാര്യം എനിക്കറിവുള്ളതാണ്. പ്രണയലേഖനങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ കൈമാറിയിരുന്നത് സന്ധ്യകലയുടെ കൂട്ടുകാരി ഫൗസിയ ആയിരുന്നു . ഫൗസിയയുമായി പിന്നീടവന് പ്രണയത്തിലാകുന്നതിനും ഞാന്‍ സാക്ഷിയായി.
സന്ധ്യകല തിരസ്കൃതപ്രണയവുമായി പിന്നെയും ഏറെക്കാലം നടന്നു. വിവാഹനിശ്ചയത്തിന്റെ തലേന്ന്, സന്ധ്യകല വിളിച്ചിരുന്ന കാര്യം അവന് എന്നോട് പറഞ്ഞിരുന്നു. അവള് ചോദിച്ചത്രെ,
"മുരളിയേട്ടാ.... നാളെ എന്റെ വിവാഹനിശ്ചയമാണ്.. ഞാനെന്താ ചെയ്യേണ്ടത്?"
"നീ പോയി കല്ല്യാണത്തിന് സമ്മതിക്ക്."
നിര്‍ദാക്ഷിണ്യം അവനവളെ കയ്യൊഴിഞ്ഞു. ഒരു പൊട്ടിക്കരച്ചിലോടെ മറുവശത്ത് ഫോണ്‍ കട്ടായ ശബ്ദം താന്‍ കേട്ടുവെന്ന് മുരളി തന്നെയാണ് പറഞ്ഞിട്ടുള്ളത്.
ജീവിക്കുവാനുള്ള പ്രചോദനം പ്രണയങ്ങളാണെന്നതാണ് അവന്റെ മതം.
നിഷ്കളങ്കതയുടെ ആ നാലു ചുവരുകള്‍ക്കുള്ളിലായിരുന്നു അവന്റെ അമ്മയുടെ ജീവിതം. അച്ഛന്റെ ലോകം പറമ്പിന്റെ അതിരുവരേക്കും നീളുന്നതാണ്. കമുകിനെയും തെങ്ങിനെയും അച്ഛന് മക്കളേക്കാള്‍ ഇഷ്ടപ്പെടുന്നതായി എനിക്ക് തോന്നി. ഒരു കമുകിന് അല്‍പ്പം വാട്ടം കണ്ടാല്‍ അച്ഛന് ആകുലപ്പെടുമായിരുന്നു.
അധ്വാനത്തിന്റെ മഹത്ത്വത്തെക്കുറിച്ച് അദ്ദേഹം വാചാലനാണെന്ന്്് എനിക്ക് മുരളി പറഞ്ഞ് അറിവുണ്ട്
"പ്ലസ്ടു തോറ്റാല്‍ നിനക്ക് ഞാന്‍ പുതിയൊരു കൈക്കോട്ട് വാങ്ങിത്തരും" അച്ഛന് ഇടക്കിടെ മുരളിയെ ഓര്‍മ്മപ്പെടുത്തും.
മകന് ക്രിക്കറ്റ് ഭ്രാന്തും പിന്നെ അല്‍പ്പം കവിതയുമൊക്കെയായി പ്രണയിച്ചു നടക്കുകയാണെന്ന് ആ പിതാവ് അറിഞ്ഞിരുന്നില്ല.
മുരളീ....ഏ മുരളീ...... ഇന്ന് ഡബറ് ചെത്തുന്നില്ലേ?
മുരളിയുടെ അമ്മയുടെ വിളിയൊച്ച എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി.
ഉറക്കം മതിയാകാത്തപോലെ അവന് ഒന്നുകൂടി ചുരുണ്ടു. ഞാനവനെ തോണ്ടിവിളിച്ചു.
എടാ.. അമ്മ വിളിക്കുന്നു.
അവന് ദേഷ്യത്തോടെ എന്നെ നോക്കി. എന്നിട്ടെഴുന്നേറ്റു.
എടാ.. എനിക്ക് 11 മണിയാകുമ്പം മാലോത്ത് എത്തണം. നീയും വരണം. നമുക്ക് സ്കൂളില്‍ പോണം.
മധ്യവേലനവധിക്കാലമാണെങ്കിലും, സ്കൂളില്‍ കമ്പ്യൂട്ടര്‍ ക്ലാസ് നടക്കുന്നുണ്ട്്. പഠിക്കാനെത്തുന്ന ചിലരെ കാണലാണ് എന്റെ ലക്ഷ്യം.
റബര്‍ ടാപ്പിംഗ് ചെയ്ത് പാലെടുത്തിട്ട് വേണം പോകാന്‍... മുരളി പറഞ്ഞതുകേട്ട്് ഞാന്‍ ഞെട്ടി. റബര്‍ ചെത്താന്‍ പോകുമ്പോള്‍ ഇടുന്ന ഒട്ടുപാല് പറ്റിപ്പിടിച്ച ഷര്‍ട്ടെടുത്തിട്ടുകൊണ്ട് അവന് പറഞ്ഞു. നീയും വാ..
രണ്ട് റബര്‍ കത്തികളും അവനെടുത്തു. അമ്മ തന്ന കട്ടന്‍ചായ കുടിച്ചശേഷം ഞങ്ങള്‍ റ ബ ര്‍ തോട്ടത്തിലേക്ക് നടന്നു.
തോട്ടത്തില്‍ നിന്ന് ഇരുട്ട്് പൂര്‍ണമായും നീങ്ങിയിരുന്നില്ല.
നാല് പ്ലാറ്റ്്ഫോറം അപ്പുറത്തേക്ക് കൈചൂണ്ടിക്കൊണ്ട്് മുരളി പറഞ്ഞു. അവിടം മുതല്‍ നീ ചെത്തിക്കോ..
പ്ലാറ്റ്ഫോറത്തിലെ മുള്ളുകള്‍ എന്റെ കാലില്‍ എവിടെയൊക്കെയോ തറഞ്ഞുകയറി.
അതുവരെ റബര്‍ ട്ാപ്പ്ിംഗ് നടത്തിയിട്ടില്ലാത്ത ഞാന്‍ ടാപ്പിംഗ് തുടങ്ങി. ഇടക്കിടെ എന്റെ കയ്യില്‍ നിന്ന് പിഴച്ചുപോയ കത്തി, റബറില്‍ തുളച്ചുകയറി. റബര്‍പാല്‍ ലക്ഷ്യമില്ലാതെ ഒഴുകി. ഞാന്‍ കഷ്ടപ്പെട്ട് പാലിനെ ചിരട്ടയിലേക്ക്് വഴിതിരിച്ചുവിട്ടു.
ഏഴുമണിയോടെ ടാപ്പിംഗ് കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലെത്തി. ചായ കുടിച്ചുകഴിഞ്ഞപ്പോള്‍ മുരളിയോട് അച്ഛന് പറഞ്ഞു. ഇന്നലത്തെ ഷീറ്റ് അടിക്കാനുണ്ട്... ഞാന്‍ വീണ്ടും ഞെട്ടി.
പന്ത്രണ്ടോളം ഷീറ്റുകള്‍ മുരളി രണ്ട് ഡിഷുകളിലായി അടുക്കി. ഒന്നെന്റെ തലയില്‍ വെച്ചുതന്നു. അവന് മുന്നില്‍നടന്നു.
ഷീറ്റടിച്ചുവന്നശേഷം ബക്കറ്റെടുത്ത് ഞങ്ങള്‍ പാലെടുക്കാന്‍ പോയി. പരമാവധി വേഗത്തില്‍ പാലെടുത്ത് വേഗം മാലോത്തേക്കും അവിടുന്ന് സ്കൂളിലേക്കും എത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. സ്കൂളില്‍ ജാന്‍സി മാത്യു എത്തും. അവളെ കാണണം. മുരളിയെ അറിയിക്കാതെയുള്ള എന്റെ രഹസ്യപ്രണയമായിരുന്നു അത്. ആരെയും തുറന്നുകാണിക്കാത്ത നിരവധി നിഗൂഡഅറകള് ഉള്ളതായിരുന്നു എ്ന്റെ മനസ്സ്.
റബര്‍പാലില്‍ വേണ്ട അളവില്‍ ആസിഡ് ചേര്‍ത്തിളക്കി ഭദ്രമായി അടച്ചുവെച്ചതിനുശേഷം കുളിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങള്‍. അപ്പോളാണ് അച്ഛന് രണ്ട് ചാക്കുകെട്ടുകള്‍ ചൂണ്ടി പറയുന്നത്.. ഈ അടക്ക പൊളിക്ക്്.. അല്ലെങ്കി്ല്‍ പറ്റെ പൂപ്പല്് പിടിച്ചുപോകും.
ചാക്കില്‍ നിന്ന് സിമന്റിട്ട മുറ്റത്തേക്ക് മുരളി അടയ്ക്ക കുടഞ്ഞിട്ടു. ഈ പണിയില്‍ തീരെ വൈദഗ്ധ്യമില്ലാത്തതിനാല്‍ ഞാന്‍ മാറിനിന്നു. അതിവേഗത്തില്‍ മുരളി അടയ്ക്ക പൊളിക്കുന്നത്് കണ്ട് ഞാ്ന് അല്‍ഭുതപ്പെട്ടു. അടയ്ക്കക്കും കത്തിക്കും ഇടയിലൂടെ അതിവേഗത്തില്‍ അവന്റെ കൈകള്‍ ചലിച്ചുകൊണ്ടിരുന്നു.
എന്നെ കാ്ത്തിരുന്നിട്ട് മടങ്ങുന്ന ജാന്‍സിയുടെ ചിത്രമായിരുന്നു എന്റെ മനസ്സ് നിറയെ. ഇനി അവളെ പള്ളിപ്പെരുന്നാളിനോ മറ്റോ കണ്ടാലായി.
പ്രദക്ഷിണം കടന്നുപോകുന്ന വഴിയില്‍ കാത്തുനിന്നാല്‍ ഒന്നുകാണാം. ഒരു നിറഞ്ഞ ചിരി അത്രയേ ഉണ്ടാകൂ.. പിന്നെ പെരുന്നാള്‍ത്തിരക്കില്‍ അവളലിഞ്ഞുചേരും.
നാടകം തുടങ്ങുന്നതിന് മുമ്പ് എല്ലാവരും പള്ളിമുറ്റത്ത് ഇരിക്കും. അപ്പോള്‍ കണ്ണുകള്‍കൊണ്ട് സ്ത്രീകളുടെ ഭാഗത്ത്്് അവളെ ഞാന്‍ തിരയും. ചിലപ്പോള്‍ ഞാനിവിടെയുണ്ട് എന്നറിയിച്ചുകൊണ്ട് അവള് ഇരിക്കുന്നവര്‍ക്കിടയില്‍ നിന്ന് എണീറ്റ് നില്‍ക്കാറുണ്ട്.. ഇത്തരം പ്രതീക്ഷകളില്‍ തൂങ്ങി ഞാന്‍ ആശ്വസിച്ചു.
യാത്ര പറഞ്ഞ് മലയിറങ്ങുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. മുരളിയുടെ അമ്മ കോന്തലകൊണ്ട് മുഖംതുടച്ചുകൊണ്ട് ഉമ്മറത്തേക്ക് ഓടിവന്നു. ഇടക്ക് വരണംട്ടോ മോനേ... അവര്‍ പറഞ്ഞു.
അച്ഛന് ചാരുകസേരയില്‍ നിന്നെഴുന്നേറ്റ് ഞങ്ങളെ യാത്രയാക്കി.
വഴിയരികിലെ തെരുവപ്പുല്ല് കിറിയെടുത്ത് ചവച്ചുകൊണ്ട് മുരളി മുന്നില്‍ നടന്നു.
ദൂരെ... കോട്ടഞ്ചേരി മലയില്‍ വേനല്‍മഴ കൂടുകൂട്ടുന്നതായി എനിക്ക് തോന്നി.
മുരളിയുടെ വീട്ടുമുറ്റത്തെ വെയിലത്തിട്ട അടയ്ക്ക് നനയുമല്ലോ എന്നോര്‍ത്ത് ഞാന്‍ ആകുലപ്പെട്ടു.
വാരിവെക്കാന് അച്ഛന് മറക്കാതിരുന്നാല്‍ മതിയായിരുന്നു
Saturday, May 9, 2009
Subscribe to:
Post Comments (Atom)
നന്നായിട്ടുണ്ട്
ReplyDeletenalla bhasha...swabhavikathayude soundaryamund
ReplyDeletegood, olingirikunna kalavybhavam.avabothathinte kavalal.
ReplyDeleteവളരെ നന്നായിട്ടുണ്ട് മിസ്റ്റര്‍ കൊന്നക്കാടന്!!!
ReplyDelete