Wednesday, May 13, 2009

അങ്ങനെ ചില ക്രിക്കറ്റ്‌ പോരാട്ടങ്ങള്‍


കഴുത്തിലെ കൊന്തയില്‍ തെരുപ്പിടിച്ചശേഷം ഡലീഷ്‌ സകല പുണ്യവാളന്‍മാരെയും ഒന്നുവിളിച്ചു. എന്നിട്ട്‌, വലതുകയ്യിലെ മൂന്നുവിരലുകളില്‍ പന്തുറപ്പിച്ച്‌, ബൗളിംഗ്‌ ക്രീസിലേക്ക്‌ ഓടാന്‍ തുടങ്ങി.
ഓടിയെത്തിയ അവന്‍ മുഴുവന്‍ ശക്തിയുമെടുത്ത്‌ ഓഫ്‌സ്റ്റമ്പ്‌ ലക്ഷ്യമാക്കി എറിഞ്ഞു. പന്ത്‌ ബാറ്റ്‌സ്‌മാനെ കബളിപ്പിച്ച്‌ ഓഫ്‌സ്റ്റമ്പിനെ തൊട്ടുതൊട്ടില്ല എന്നമട്ടില്‍ വിക്കറ്റ്‌കീപ്പറുടെ കയ്യില്‍ വിശ്രമിച്ചു.
ഇനി പുങ്ങംച്ചാല്‍ ടീമിന്‌ ജയിക്കാന്‍ വേണ്ടത്‌്‌ മൂന്നുബോളില്‍ നിന്ന്‌ ഏഴ്‌ റണ്‍സ്‌്‌.
മാട്ടുമ്മല്‍ യൂത്ത്‌ വിംഗിന്റെ ക്യാപ്‌റ്റന്‍ ശരത്‌ ഫീല്‍ഡിംഗ്‌ ഒന്നുകൂടി അഴിച്ചുപണിതു. ലോംഗ്‌ഓഫില്‍ നിന്നിരുന്ന പ്രഫുല്ലചന്ദ്രനെ വലിച്ച്‌ മിഡോഫിലേക്കിട്ടു. പിന്നെ ബൗളര്‍ ഡലീഷിന്റെ ചെവിയില്‍ എന്തോ പറഞ്ഞു.
ബാറ്റ്‌ ചെയ്യുന്നത്‌ പുങ്ങംചാല്‍ ടീമിന്റെ ഏഴാമന്‍ ഗോപാലനാണ്‌. ഓട്ടോഡ്രൈവറാണ്‌. ഓഫ്‌സ്റ്റമ്പിലെറിഞ്ഞാല്‍ ഗോപാലന്‍ അടിക്കില്ലെന്നുള്ളത്‌ അങ്ങാടിപ്പാട്ടാണ്‌. എല്ലാവര്‍ക്കുമറിയുന്ന ആ രഹസ്യമായിരിക്കും ശരത്‌ ഡലീഷിന്റെ ചെവിയില്‍ പറഞ്ഞതെന്ന്‌ ഞാനൂഹിച്ചു.
അടുത്തപന്തും ഡലീഷ്‌ കൃത്യം ഓഫ്‌സ്റ്റമ്പിലെറിഞ്ഞു. ഗോപാലന്‍ തൊട്ടില്ല.
ഗ്രൗണ്ടിന്‌ വെളിയില്‍ ആകാംക്ഷയോടെയിരുന്ന പുങ്ങംചാല്‍ ടീമിന്റെ കളിക്കാരും ആരാധകരും ഗോപാലനെ വിമര്‍ശിച്ചു.
`ഓന്‍ ക്രോസ്‌ബാറ്റ്‌ ചെയ്‌്‌തിട്ടാ കൊള്ളാത്തത്‌, സ്‌ട്രെയിറ്റ്‌ വീശിനെങ്കില്‌ സിക്‌സ്‌ കിട്ടിയേനെ".
ഗോപാലന്‍ നിലത്തുനിന്ന്‌ കുറച്ച്‌ മണ്ണെടുത്ത്‌ കയ്യിലെ വിയര്‍പ്പ്‌ തുടച്ച്‌ ഗ്രിപ്പ്‌ ശരിയാക്കി.
രണ്ട്‌ ബോളില്‍ നിന്ന്‌ ഏഴുറണ്‍
അടുത്ത ബോള്‍ ഷോട്ട്‌പിച്ചായിരുന്നു. ഗോപാലന്‍ കറങ്ങിവീശി. അടി ശരിക്ക്‌ കൊണ്ടില്ല. ഉയര്‍ന്നുപൊങ്ങിയ പന്ത്‌ ബൗണ്ടറിയില്‍ കണ്ണന്‌ പിടിക്കാനായില്ല. എന്നാല്‍ ഫോറ്‌ പോകാതെ കാത്തു.
ഇനി, ഒരുബോളില്‍ നിന്ന്‌ അഞ്ചുറണ്‍.
ഫോറടിച്ചാല്‍ ടൈയാകും. ക്യാപ്‌റ്റന്‍ ശരത്‌ എല്ലാ ഫീല്‍ഡര്‍മാരെയും ബൗണ്ടറിയില്‍ വിന്യസിച്ചു.
പുങ്ങംചാല്‍ ടീമിന്റെ ഹോംഗ്രൗണ്ടായതിനാല്‍ അവരുടെ ആരാധകരാണ്‌ കൂടുതല്‍.
കനത്ത ആര്‍പ്പുവിളികള്‍ക്കിടയില്‍ സമ്മര്‍ദ്ദത്തിലായ ഡലീഷ്‌ എറിഞ്ഞത്‌ ഫുള്‍ടോസ്‌.
കളരിദൈവങ്ങളെ വിളിച്ച്‌, ഗോപാലന്‍ വീശിയത്‌ കൃത്യം ബാറ്റിന്റെ മധ്യത്തില്‍ കൊണ്ടു. പന്ത്‌ ലോംഗ്‌ ഓണിന്‌ മുകളിലേക്ക്‌.... ബൗണ്ടറിക്കരികില്‍ മഹേഷ്‌ ക്യാച്ചിന്‌ തയ്യാറെടുത്ത്‌ നിന്നു.
ഇല്ല......പന്ത്‌ വളരെ അകലെയാണ്‌. ബൗണ്ടറിക്കും വളരെ പുറത്ത്‌....
തളര്‍ന്നുപോയ മാട്ടുമ്മല്‍ ടീമംഗങ്ങള്‍ ഗ്രൗണ്ടില്‍ ഇരുന്നുപോയി.
ഡലീഷ്‌ തലയില്‍ കൈവെച്ചു.
ടീംമാനേജരും, സ്ഥലം വികാരിയുമായ പോളച്ചന്‍ ടീമംഗങ്ങളെ ആശ്വസിപ്പിച്ചു.
"കളിയാകുമ്പോള്‍ ജയവും തോല്‍വിയുമൊക്കെയുണ്ടാകും.... നമ്മള്‍ ശരിക്കും പൊരുതിയിട്ടാണല്ലോ തോറ്റത്‌. അതും അവസാന പന്തുവരെ. ആ സ്‌പിരിലെറ്റെടുത്താല്‍ മതി."
എതിര്‍ ടീമംഗങ്ങള്‍ ഗോപാലനെ എടുത്തുയര്‍ത്തി ഗ്രൗണ്ടിനെ വലംവെക്കുകയാണ്‌.
എന്നാലും..... ശരത്തിന്‌ സഹിക്കാന്‍ പറ്റുന്നില്ല. പുങ്ങംചാലും അടുക്കളക്കണ്ടം മാട്ടുമ്മല്‍ യൂത്ത്‌ വിംഗും തമ്മിലുള്ള മല്‍സരം എപ്പോഴും ഇന്ത്യാ-പാക്കിസ്ഥാന്‍ മല്‍സരം പോലെയാണ്‌. തോല്‍വി ഇരുടീമുകള്‍ക്കും സഹിക്കാന്‍ കഴിയില്ല. ചായക്കടകളിലും അനാദിക്കടകളിലും മറ്റും ഇതുതന്നെയായിരിക്കും പിന്നെ ചര്‍ച്ചാവിഷയം.
നീ ഒരോവറില്‍ 17 റണ്‍സ്‌ വഴങ്ങിയതാണ്‌ തോല്‍വിക്ക്‌ കാരണമെന്ന്‌ പ്രഫുല്ലചന്ദ്രന്‍ എന്നെ കുറ്റപ്പെടുത്തി.
അതിനെന്താ... അവസാന ബോളില്‍ ഞാനവന്റെ കുറ്റിയെടുത്തില്ലേ? .. ഞാന്‍ മറുപടി കൊടുത്തു.
15 ഓവര്‍ മല്‍സരത്തില്‍ വിക്കറ്റിന്‌ പ്രാധാന്യമില്ല. റണ്‍സ്‌ വിട്ടുകൊടുക്കാതിരിക്കുകയാണ്‌ വേണ്ടത്‌.
എത്രനേരം ചര്‍ച്ചചെയ്‌ത്‌ തയ്യാറാക്കിയ പദ്ധതികളാണ്‌ ഗ്രൗണ്ടില്‍ പാളിപ്പോയത്‌.
എതിര്‍ടീമ്‌ിലെ ഓരോ കളിക്കാരനെയും പഠിച്ച്‌ ഞങ്ങള്‍ തന്ത്രങ്ങളാവിഷ്‌കരിച്ചിരുന്നു.
എല്ലാം പാളി.
ലെഗ്‌സ്‌റ്റമ്പില്‍ കുത്തിയുയരുന്ന പന്തുകള്‍ എത്ര എറിഞ്ഞ്‌ പഠിച്ചതാ..തമ്പാന്‍ നായര്‍ക്കെതിരെ അതെറിഞ്ഞാല്‍ പോരായിരുന്നോ ?..
മൂന്നാമനായിറങ്ങിയ തമ്പാന്‍ നായര്‍ ജയസൂര്യ പണ്ടടിക്കുന്നതുപോലെ നടത്തിയ കാടനടിയാണ്‌ ഞങ്ങളെ തകര്‍ത്തത്‌.
എല്ലാ തന്ത്രങ്ങളെയും നിഷ്‌പ്രഭമാക്കുന്ന ടൈംമിംഗാണ്‌ അയാളുടേത്‌.
വയസ്സ്‌ 37 ആയിട്ടും കണ്ണൂം കയ്യും തമ്മില്‍ ഭയങ്കര ചേര്‍ച്ച.
ഓഫ്‌സ്‌പിന്നര്‍ രാജേഷിനെ ടീമിലെടുക്കാത്തതാണ്‌ അബദ്ധമായത്‌. ചില കാടനടിക്കാര്‍ക്കെതിരെ ഓഫ്‌സ്‌പിന്‍ വളരെ ഫലപ്രദമാണ്‌. ഞാന്‍ പറഞ്ഞു.
ഒറ്റനോട്ടത്തില്‍ വളരെ സന്തുലിതമായ ടീമാണ്‌ ഞങ്ങളുടേത്‌. ബാറ്റിംഗിലും ബൗളിംഗിലും വൈവിധ്യമുണ്ട്‌. കൂറ്റനടിക്ക്‌ കഴിവുള്ള ബാറ്റ്‌സ്‌മാന്‍മാരുണ്ട്‌..
താഴെ പറയുന്നവരാണ്‌ മാട്ടുമ്മല്‍ യൂത്ത്‌ വിംഗ്‌ ടീമംഗങ്ങള്‍.
1. ശരത്‌ (16)ക്യാപ്‌റ്റന്‍. പ്ലസ്‌ടു വിദ്യാര്‍ത്ഥി. അറ്റാക്കിംഗ്‌ ബാറ്റ്‌സ്‌മാന്‍. റൈറ്റ്‌ ആം മീഡിയംപേസ്‌ ബൗളര്‍(കൈമടങ്ങുന്നുവെന്ന്‌ ആരോപണമുള്ളതിനാല്‍ ഇപ്പോള്‍ ബൗള്‍ ചെയ്യാറില്ല).
2. ഡലീഷ്‌(23) ജോലി-ഇല്ല. ഫാസ്റ്റ്‌ ബൗളര്‍.
3. കട്ട ബാബു(20) ജോലി-കിണര്‍ കുഴിക്കല്‍. റൈറ്റ്‌ ആം ഫാസ്റ്റ്‌ ബൗളര്‍. ഇടങ്കയ്യന്‍ ബാറ്റ്‌സ്‌മാന്‍.
4. മന്‍ജന്‍(20) ജോലി-കിണര്‍ കുഴിക്കല്‍. വലങ്കയ്യന്‍ ബാറ്റ്‌സ്‌മാന്‍, റൈറ്റ്‌ ആം മീഡിയംപേസര്‍.
5. രഞ്‌ജിത്ത്‌ രാമചന്ദ്രന്‍(19) വലങ്കയ്യന്‍ ബാറ്റ്‌സ്‌മാന്‍, ഫാസ്റ്റ്‌ബൗളര്‍.
6. മനേഷ്‌(19)w k ജോലി-മേസ്‌തിരിപ്പണി. ഓപ്പണിംഗ്‌ ബാറ്റ്‌്‌സ്‌മാന്‍.
7. പ്രഫുല്ലചന്ദ്രന്‍(17) റൈറ്റ്‌ ആം മീഡിയം പേസര്‍.
8. മഹേഷ്‌(16) മീഡിയം പേസര്‍.
9. ജനീഷ്‌(16) റെറ്റ്‌ ഹാന്റ്‌ ബാറ്റ്‌സ്‌മാന്‍
10. കണ്ണന്‍(14) റൈറ്റ്‌ ഹാന്റ്‌ ബാറ്റ്‌സ്‌മാന്‍, മീഡിയം പേസര്‍.
11. സജിത്ത്‌(14) റൈറ്റ്‌ ഹാന്റ്‌ ബാറ്റ്‌സ്‌മാന്‍.
12. രാജേഷ്‌(22) ജോലി-കാലിവളര്‍ത്തല്‍. റൈറ്റ്‌ ആം ഓഫ്‌ ബ്രേക്ക്‌.

അടുത്ത ഞായറാഴ്‌ചയാണ്‌ മാട്ടുമ്മല്‍ യൂത്ത്‌ വിംഗും ബളാലുമായിട്ടുള്ള മല്‍സരം. ബളാല്‍ ടീമിന്റെ ബൗളി്‌ംഗ്‌ കുന്തമുന സുജിത്ത്‌ കോളേജിലെ എന്റെ സഹപാഠിയാണ്‌.
ഞങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ്‌ തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാനാണ്‌ മല്‍സരം തീരുമാനിച്ചിരിക്കുന്നത്‌.
ഞങ്ങളെ തകര്‍ക്കുമെന്നാണ്‌ അവന്‍ വെല്ലുവിളിച്ചിരിക്കുന്നത്‌.. മല്‍സരം നിക്ഷ്‌പക്ഷ ഗ്രൗണ്ടായ വെള്ളരിക്കുണ്ട്‌ സ്‌കൂള്‍ ഗ്രൗണ്ടിലാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌.
`എന്തായാലും ഞായറാഴ്‌ചക്ക്‌ മുമ്പ്‌ നമ്മുടെ ബൗളിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ മെച്ചപ്പെടുത്തണം. തോറ്റാല്‍ ഇവന്‌്‌ കോളേജിലേക്ക്‌ പോകാന്‍ പറ്റില്ല. ശരത്‌ എന്നെച്ചൂണ്ടി പറഞ്ഞു.
ഓപ്പണിംഗ്‌ ബൗള്‍ ചെയ്യുന്നത്‌ ഡലീഷ്‌, കട്ട ബാബു എന്നിവരാണ്‌. മധ്യ ഓവറുകളില്‍ മന്‍ജന്‍, ജനീഷ്‌ എന്നിവര്‍. ഇങ്ങനെയാണ്‌ ടീമിന്റെ ബൗളിംഗ്‌ പാറ്റേണ്‍.
ഫീല്‍ഡിംഗ്‌ വളരെ മോശമായതിനാല്‍ സ്‌പിന്നര്‍ രാജേഷിനെ എപ്പോഴും 12-ാമനാക്കുകയായിരുന്നു പതിവ്‌.

ഉച്ചതിരിഞ്ഞായിരുന്നു മല്‍സരം.

ടോസ്‌ നേടിയ ഞങ്ങളുടെ ക്യാപ്‌റ്റന്‍ ശരത്‌ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. ബളാല്‍ ടീമിന്റെ ബൗളിംഗ്‌ പ്രതീക്ഷിച്ചതിനേക്കാള്‍ ഭയങ്കരമായിരുന്നു. ഓപ്പണര്‍മാര്‍ പന്ത്‌ ശരിക്ക്‌ കാണാതെ ഉഴറി. രണ്ടാമത്തെ ഓവറിന്റെ മൂന്നാമത്തെ ബോളില്‍ മനേഷിന്റെ കുറ്റിപോയി. മാട്ടുമ്മല്‍ യൂത്ത്‌ വിംഗ്‌ 1ന്‌ 4.
വണ്‍ഡൗണായി, പേസ്‌ ബൗളിംഗിനെതിരെ മികച്ച റെക്കോര്‍ഡുള്ള എന്നെയായിരുന്നു നിയോഗിച്ചത്‌. സിംഗിളുകളെടുക്കാനായിരുന്നു എന്റെ ശ്രമം. പക്ഷേ.. സിംഗിളുകള്‍പോലും അപ്രാപ്യമാകുന്നതായി എനിക്ക്‌ മനസ്സിലായി. സര്‍ക്കിളിനുള്ളില്‍ അറ്റാക്കിംഗ്‌ ഫീല്‍ഡിംഗാണ്‌ ബളാല്‍ സെറ്റ്‌ ചെയ്‌തിട്ടുള്ളത്‌.
ഞാന്‍ പുറത്തായ ശേഷം ഇറങ്ങിയ മന്‍ജന്‍ നടത്തിയ ഏതാനും കൂറ്റനടികളുടെ പി്‌ന്‍ബലത്തില്‍ ഞങ്ങള്‍ 15 ഓവറില്‍ ഏഴുവിക്കറ്റിന്‌ 88 റണ്‍സ്‌ എന്ന ലക്ഷ്യം കുറിച്ചു.
ബളാല്‍ തുടങ്ങിയത്‌ തന്നെ സിക്‌സറോടെയായിരുന്നു. കട്ടബാബുവിന്റെ ആദ്യ ഓവറില്‍ പിറന്നത്‌ 15 റണ്‍സ്‌്‌. കളി കൈവിടുന്നതായി എനിക്ക്‌ തോന്നി.
ഡലീഷിന്റെ രണ്ടാമത്തെ ഓവറിന്റെ ആദ്യ പന്തില്‍ ബളാല്‍ ഓപ്പണര്‍ ബിനുവിന്റെ കുറ്റി തെറിച്ചു.
പിന്നീട്‌ പന്തെറിയാനെത്തിയ മന്‍ജനും മഹേഷും റണ്‍സ്‌ വി്‌്‌ട്ടുകൊടുത്തില്ല. ഇടക്കിടെ വി്‌ക്കറ്റും വീണുകൊണ്ടിരുന്നു.
പ്രതിഭാശാലികളേറെയുള്ള ബളാല്‍ ടീമിനെതിരെ ഞങ്ങളുടെ ശരാശരിക്കാര്‍ മുഴുവന്‍ മികവും പുറത്തെടുത്തു. ഫീല്‍ഡില്‍ പന്തിന്‌ മേലേക്ക്‌ അവര്‍ പറന്നുവീണു. രണ്ടുപേരെ റണ്ണൗട്ടാക്കി. മാട്ടുമ്മല്‍ യൂത്ത്‌ വിംഗിന്റെ ആക്രമണോല്‍സുകതക്ക്‌ മുന്നില്‍ ബളാല്‍ പതറി.
അതേ...88 റണ്ണിന്‌ ഒമ്പതുറണ്‍സകലെ 79 റണ്ണില്‍ ഞങ്ങള്‍ ബളാലിനെ ഒതുക്കി. അഭിമാനവിജയം. അതും നിക്ഷ്‌പക്ഷ ഗ്രൗണ്ടില്‍..
ബളാല്‍ പോലെ ജില്ലയിലാകമാനം പ്രശസ്‌തമായ ഒരു ടീമിനെതിരെ നേടിയ വിജയം മാട്ടുമ്മല്‍ യൂത്ത്‌ വിംഗിന്റെ ആത്മവിശ്വാസം ഉയര്‍ത്തി.
വിജയവാര്‍ത്തയറിഞ്ഞ നാട്ടുകാര്‍ നീലകണ്ടന്‍ നായരുടെ ചായക്കടയില്‍ നിന്ന്‌ ടീമംഗങ്ങള്‍ക്ക്‌ ചായയും പഴംപൊരിയും വാങ്ങിത്തന്നു. തുടര്‍ന്ന്‌ മാട്ടുമ്മ്‌ല്‍ യൂത്ത്‌ വിംഗിന്റെ നീ്‌ന്തല്‍ പരിശീലനകേന്ദ്രമായ കാപ്പുംകുണ്ടിലേക്ക്‌ സംഘം നീങ്ങി. അഭിമാന വിജയത്തെക്കുറിച്ച്‌ വീണ്ടും വീണ്ടും പരസ്‌പരം ചര്‍ച്ച ചെയ്‌തുകൊണ്ട്‌...


1 comment:

  1. കൊള്ളാം വായിക്കാന്‍ രസമുണ്ട്.....
    പക്ഷെ ഞാന്‍ സുജിയുമായ്‌ സംസാരിച്ചു. നീ പറഞ്ഞതില്‍ പലതും അസത്യമാണെന്ന് സുജി എന്നോട് പറഞ്ഞു.
    നീ ചതി പ്രയോഗത്തിലൂടെ ആണ് സുജിയുടെ ടീമിനെ തോല്‍പ്പിച്ചത് എന്നാ സുജിത് പറയുന്നത്. ചതിയന്‍ ചന്തു ചെയ്തതിനേക്കാള്‍ വലിയ ചതി. നിന്‍റെ ടീമിന്റെ പേര് തന്നെ കളവാണെന്ന് സുജി പറഞ്ഞു. സ്വന്തം ടീമിന്റെ പേര് പോലും പറയാന്‍ മടിക്കുന്ന നീ രാജപ്പന്റെ (ഉദയനാണ് താരം) പാത പിന്തുര്‍ന്നു സ്വയം അപഹാസ്യനാവുകയാനെന്ന്നു സുജി! നിന്നെ ബ്രുട്ടസ് എന്ന് വിളിക്കാന്‍ കൂടി അവന്‍ ധൈര്യം കാണിക്കുന്നു. (നിങ്ങടെ നാട്ടില്‍ നടന്ന ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ വിജയി ആയ ചരിത്രം സുജി ഞങ്ങള്‍ക്ക് വിവരിച്ചു തന്നു!!

    ഏതായാലും എഴുത്ത് വളരെ നന്നായിട്ടുണ്ട്....! ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു!

    ReplyDelete